ദിവസങ്ങളായി ഈ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചു കൂട്ടാൻ തുടങ്ങിയിട്ടു. ഉറക്കത്തിനും, സ്വപ്നങ്ങൾക്കും, ഭക്ഷണത്തിനുമെല്ലാം സാക്ഷ്യം വഹിച്ചത് ഈ ചുവരുകൾ തന്നെ ആയിരുന്നു. മടുപ്പ് പയ്യെ പയ്യെ ഒരു ചൂടൻ ചകലാസ് പോലെ എന്നെ മൂടി പൊതിയാൻ തുടങ്ങി. നെറ്റ്വർക്ക് തകരാറുകൾ മൂലം മൊബൈലുമായുള്ള ബന്ധം വളരെയധികം ദുർബലമാണ്. ഇടയ്ക്ക് ഏതെങ്കിലും പുസ്തകത്തിൽ കണ്ണുടക്കിയാൽ പിന്നെ അതുമായി ഒരു അഗാധ പ്രണയത്തിൽ ആവുകയാണ് പതിവ്. അതിൽ നിന്നും മറ്റൊന്നിലേക്കു എത്തിപ്പെടാൻ കണ്ണുകൾ മാത്രമല്ല മനസ്സും ഇടപെടേണ്ടിവന്നിരുന്നു. എല്ലാവരും ഉണർന്നിരുന്നപ്പോൾ ഞാൻ സ്വപ്നങ്ങൾ കണ്ടുറങ്ങി, അവരുറങ്ങിയപ്പോൾ ഞാൻ ഉണർന്നിരുന്നും സ്വപ്നങ്ങൾ കണ്ടു . രാത്രികാലങ്ങളിൽ ചുവരു തിന്നു, പല്ലു കൊഴിഞ്ഞ സിംഹത്തെ പോലെ എന്തെന്നില്ലാതെ തളർന്നിരുന്നു. ആ സമയങ്ങളിൽ കിഴക്കേ ജനലുകൾ എനിക്ക് ആശ്വാസമായി. അതിലൂടെ പുറത്തേക്കു നോക്കിയാൽ, മൂന്ന് വശങ്ങളിലേക്കും ഒരു പോലെ നീണ്ടു കിടക്കുന്ന പാതകൾ. അതിനു നടുവിൽ പ്രകാശം പരത്തി കൊണ്ട് നിലകൊള്ളുന്ന വഴിവിളക്ക്. വഴിവിളക്കിലേക്കു നോക്കിയിരിക്കുന്ന ഒരു മാർജാരൻ. അതെന്നും ഉള്ള ഒരു കാഴ്ച്ചയാണ്. ആ മാർജാരന് നാമകരണം നടത്തിയതും ഞാൻ തന്നെയാണ്. ഒരിക്കെ ഇരുകൈകൾ കൊണ്ടും എടുത്തിയർത്തി ‘ബാഹുബലി ‘ എന്ന് വിളിച്ചതാണ്. അന്ന് മുതൽ ആ പേരുകേട്ടാൽ ഓടി വരാൻ പഠിച്ചിട്ടുമുണ്ട് മിടുക്കൻ. ‘ബാഹു’ മുകളിലേക്കു നോക്കിയിരുപ്പു തുടങ്ങിയിട്ടു കുറെയായി ഒരു പ്രാണിയെ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ അവൻ ഇടയ്ക്ക് ചാടുന്നുമുണ്ട്. അതിന്റെ ആത്മവിശ്വാസത്തിൽ കൈ കടത്താൻ ഞാൻ മെനക്കെട്ടില്ല. അതുമാത്രമല്ല എനിക്കതിനു കഴിയുമായിരുന്നില്ല. ആ നോക്കിയിരിപ്പിനു ശേഷം എപ്പോഴാണ് ഞാൻ ഉറങ്ങിപ്പോവാറെന്നും, എപ്പോഴാണ് ബാഹു എന്റെ കട്ടിലിനു ചുവട്ടിൽ വന്നു കിടക്കുന്നതെന്നും എനിക്ക് വ്യക്തമായ ധാരണ ഇല്ല. പകലുകളിൽ എനിക്ക് കൂട്ടായിരുന്നത് പടിഞ്ഞാറെ ജനലുകളായിരുന്നു. അതിലൂടെയുള്ള പുറംകാഴ്ചകൾ എന്നെ കുറച്ചുകൂടി അത്ഭുതപ്പെടുത്തി. ആ ജനലുകൾക്ക് മുന്നിലായി ഒരു ചെറുതോട്, അതിനോട് തൊട്ടുകിടക്കുന്ന തൊടി. അതിനുമപ്പുറം നീണ്ടുകിടക്കുന്ന അറബിക്കടൽ. കടലും കരയും തമ്മിൽ വേർതിരിക്കുന്ന ഒരു മണൽത്തിട്ട. ഇവയെല്ലാമാണ് എന്റെ ജാലക കാഴ്ച്ചകൾ. മണൽത്തിട്ടയ്ക്കപ്പുറത്തെ ആ പകുതി പൊളിഞ്ഞു വീഴാറായ വീട്ടിലേക്കു ഞാൻ അധിക സമയവും നോക്കിയിരുന്നു. ഒരു പതിനഞ്ചു വർഷത്തിനപ്പുറത്തേക്കു ഓർമകളുടെ കാറ്റു വീശി. കുട്ടിക്കാലത്ത് കടലുകാണാൻ പോകുമ്പോൾ കാണാറുണ്ടായിരുന്ന അതെ വീട്. ഇപ്പോഴും ബാഹ്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല, ഒരു ഭാഗം തകർന്നത് ഒഴികെ. ഒരു കൂട്ടുകുടുംബമായിരുന്നു അവിടെ താമസിച്ചിരുന്നത്. അതിനു പുറകിലായി ഒരു നിരപോലെ വീടുകൾ. എല്ലാം എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായത്. കടൽ വളർന്നതും, കര കടലായതും, വീടുകൾ നഷ്ടപെട്ടവർ പുതിയ തീരങ്ങൾ തേടി പോയതും എല്ലാം പെട്ടെന്നായിരുന്നു. അതിനിടയിൽ വർഷങ്ങൾ പോയതറിഞ്ഞില്ല. ഇടയ്ക്കു ഞാൻ കടലിലേക്കു രൂക്ഷമായി നോക്കി ഒത്തിരി വളർന്നിരിക്കുന്നു… പണ്ട് കടലെനിക്കു ഒത്തിരി ദൂരെയായിരുന്നു. ഇന്ന് വളരെ അടുത്തും.. ഈ അകലം ഇങ്ങനെ തന്നെ നിൽക്കട്ടെ. എനിക്ക് ഇവിടെനിന്നു കണ്ടാ മതി. ചിലപ്പോഴൊക്കെ കടലും ചില മനുഷ്യരെ പോലെയാണ്, അകലെ നിന്ന് കാണുമ്പോൾ ഒത്തിരി അത്ഭുതപ്പെടുത്തുന്നതും സന്തോഷപ്പെടുത്തുന്നതും എന്നാൽ അടുത്തു കഴിഞ്ഞാൽ ഭയപ്പെടുത്തുന്നതുമായ….. മുറിയിലെ അസഹ്യമായ ചൂടിൽ നിന്നും രക്ഷനേടാൻ ഞാൻ വീണ്ടും വീണ്ടും ആ ജനലിലേക്ക് ചേർന്നു നിന്നു. കടൽകാറ്റും കരക്കാറ്റും ഒരേ പോലെ വീശിയടിച്ചു എനിക്ക് ആശ്വാസം പകർന്നു.ഇപ്പോഴിതെല്ലാം എന്റെ ഭാഗമായി മാറികഴിഞ്ഞിരിക്കുന്നു . ഇന്നും ഞാൻ ആ വഴിവിളക്കു നോക്കിയിരുന്നു, പ്രതീക്ഷകളുടെ വെട്ടം ഇന്നണഞ്ഞിരുന്നു. കാറ്റു ശക്തമായി വീശി…. മഴ ജനൽപ്പഴുതിലൂടെ അകത്തേക്ക് ചാറി…… ഉറക്കമില്ലാതെ, സ്വപ്നങ്ങൾ കാണാതെ, കണ്ണ് തുറന്നിരുന്നു ഞാൻ ആ ചുവരുകൾ തിന്നുകൊണ്ടിരുന്നു……
ചുവര് തിന്ന കാലങ്ങൾ
previous post